India
This article was added by the user . TheWorldNews is not responsible for the content of the platform.

സ്വപ്നക്കെതിരായ ​ഗൂഢാലോചനക്കേസ്; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോ​ഗം ഇന്ന്

തിരുവനന്തപുരം: സ്വപ്നാ സുരേഷ് പ്രതിയായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് തലസ്ഥാനത്ത് യോഗം ചേരും. രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് ഒപ്പം കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമോ എന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഇതിനിടയിൽ ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ, ഇബ്രാഹിം എന്നിവർക്ക് ഇന്ന് അന്വേഷണ സംഘം നോട്ടിസ് കൈമാറും. കേസിലെ സാക്ഷിയായ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും.

ഗൂഢാലോചനയ്ക്ക് തെളിവായേക്കാവുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് സ്വപ്‌നയുടെ ആരോപണത്തിന് പിന്നിലെന്ന സരിതയുടെ മൊഴി അനൗദ്യോഗികമായി ശേഖരിച്ചത് ഇതിന് ഉദാഹരണമാണ്. സരിതയുടെ മൊഴി ഏത് തരത്തില്‍ ഉപയോഗിക്കാമെന്നതും ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

അതേസമയം ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സ്വപ്‌നയുടെ വാദം.

Story Highlight: Investigation team's special meeting today in conspiracy case against Swapna Suresh