India
This article was added by the user . TheWorldNews is not responsible for the content of the platform.

ഡിപിആറിന് അനുമതി തേടി കെ റെയില്‍; റെയില്‍വേ ബോര്‍ഡ് പ്രതിനിധികളെ സന്ദര്‍ശിച്ച് എംഡി

തിരുവനന്തപുരം: ഡല്‍ഹിയില്‍ റെയില്‍വേ ബോര്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കെ റെയില്‍ എംഡി വി അജിത് കുമാര്‍. സില്‍വര്‍ ലൈന്‍ ഡിപിആറിന് അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് വി അജിത് കുമാറിന്റെ ഡല്‍ഹി സന്ദര്‍ശനം. സില്‍വര്‍ ലൈന്‍ എന്‍ജിനീയറിങ് പദ്ധതികളുടെ ചുമതലയുള്ള ബോര്‍ഡ് അംഗവുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറിക്ക് കെ റെയില്‍ കത്തയച്ചത്. എന്നാല്‍ ബോര്‍ഡില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിശദമായ ചര്‍ച്ച ആവശ്യമാണങ്കില്‍ അതിനും തയ്യാറാണെന്നും കെ റെയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍ റെയില്‍വേ ഭൂമി സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് കെ റെയില്‍ പറയുന്നു. റെയില്‍വേ ഭൂമിയില്‍ നടത്തുന്ന സംയുക്ത സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നും കെ റെയില്‍ അറിയിച്ചിട്ടുണ്ട്.

ഗതാഗത വികസനത്തിനായി 'പിഎം ഘടിശക്തി' പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതി നിഷേധിക്കാനാകില്ലെന്നാണ് സംസ്ഥാനം പറയുന്നത്. അതേസമയം, സാമൂഹികാഘാത സര്‍വേക്ക് കല്ലുകള്‍ ഒഴിവാക്കിയെങ്കിലും കരാര്‍ പ്രകാരമുള്ള കല്ലുകള്‍ വാങ്ങുമെന്നും കെ റെയില്‍ എംഡി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്ന സമയത്ത് ഇവ ഉപയോഗിക്കാനാണ് കെ റെയിലിന്റെ തീരുമാനം. 20,000 അടയാള കല്ലുകളാണ് കെ റെയില്‍ വാങ്ങാനായി കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

STORY HIGHLIGHTS: K Rail MD V Ajith Kumar meets Railway Board representatives to approve Silver Line DPR