India
This article was added by the user . TheWorldNews is not responsible for the content of the platform.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം; സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മുൻ മന്ത്രി കെ ടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവ‍ർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഉന്നയിക്കും.

'ഞാനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. വസ്തുതകൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീൽ എനിക്കെതിരെ പരാതി നൽകി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ഉടൻ വെളിപ്പെടുത്തും. ജലീൽ എന്തൊക്കെ കുറ്റങ്ങൾ ചെയ്‌തെന്നും ഞാൻ പറയും.'' തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും തനിക്ക് ആവശ്യമായ സുരക്ഷാ താൻ തന്നെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

നേരത്തെ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോർജ്ജും കേസിൽ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

STORY HIGHLIGHTS: Swapna Suresh will suit in high court today seeking cancellation of conspiracy case