India
This article was added by the user . TheWorldNews is not responsible for the content of the platform.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്നു മുതൽ റിലേ നിരാഹാര സമരം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നേതാക്കൾ ഇന്നു മുതൽ റിലേ നിരാഹാര സമരം ആരംഭിക്കും. ശമ്പളം എല്ലാ മാസവും അഞ്ചിനു മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് സംഘടന സമരം നടത്തുക. ആറിന് തുടങ്ങിയ രാപ്പകൽ സത്യഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അറിയിച്ചു.

എൻ കെ പ്രേമചന്ദ്രൻ എംപിയാണ് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുന്നത്. സംഘടനാ ജനറൽ സെക്രട്ടറിമാരായ ആർ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം ആരംഭിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

അതേസമയം ധനവകുപ്പ് വീണ്ടും കെഎസ്ആർടിസിക്ക് സഹായം നൽകി. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. 35 കോടി രൂപ വേണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം.

കൂടാതെ ഇന്നലെ മുതൽ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കെഎസ്ആർടിസി അധിക സർവീസ് ആരംഭിച്ചു. ഷെഡ്യൂൾ അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം. സ്‌റ്റേഷനുകളിൽ നിന്നുള്ള ആവശ്യപ്രകാരം ഡിപ്പോകളിൽ അധിക ഷെഡ്യൂളുകൾ നൽകും. ആദ്യഘട്ടത്തിൽ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് ആരംഭിക്കുക. ഞായറാഴ്ചകളിൽ ഫാസ്റ്റ് പാസഞ്ചറുകൾ റദ്ദാക്കിയിരുന്നു. എന്നാൽ ഇവ പുനഃരാരംഭിക്കുന്നതിന് കൂടാതെയാണ് അധിക സർവീസ് അനുവദിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറുകളുടെ ട്രിപ്പുകൾ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ചിട്ടുണ്ട്.

STORY HIGHLIGHTS: KSRTC salary crisis hunger strike from today