India
This article was added by the user . TheWorldNews is not responsible for the content of the platform.

'നിങ്ങൾ എഴുതിക്കോ, ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല'; സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്‍സിയറുടെ മറുപടി

'ഹെവൻ' ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിയിൽ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സലിയര്‍ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന പ്രസ്മീറ്റിൽ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് 'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങൾ എഴുതിക്കോ' എന്നായിരുന്നു അലൻസിയറുടെ മറുപടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിൽ സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പങ്കെടുത്തത്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. പൊലീസ് റോളില്‍ സുരാജ് എത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

സിനിമയില്‍ അഭിനയിക്കുന്ന നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു അലന്‍സിയറുടെ കമന്റ്.

"വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. എന്റെ വൈഫിനെക്കുറിച്ച് സിനിമയില്‍ പറയുന്നില്ല, ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ. ഇതില്‍ ഒരു നായികാ കഥാപാത്രമില്ല," എന്ന് സുരാജ് വെഞ്ഞാറമൂട് പറയുമ്പോൾ "ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ, ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ," എന്നായിരുന്നു അലന്‍സിയറിൻ്റെ മറുപടി.

അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതിയും ഡബ്ല്യു സി സിയെ പരാമര്‍ശിച്ച് നടത്തിയ കമൻ്റും ചർച്ചകൾക്കും വിമര്‍ശനങ്ങൾക്കും വിധേയമാകുന്നുണ്ട്. ജൂൺ പതിനേഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കുറ്റാന്വേഷണ ചിത്രമാണ് ഹെവൻ.

Story highlights: Alanzier's comment to a question about female characters in movie heaven