India
This article was added by the user . TheWorldNews is not responsible for the content of the platform.

പ്രവാചക നിന്ദ; പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാട്ടിലേക്കയക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ പ്രവാസികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ നടപടിയുമായി കുവൈത്ത് ഭരണകൂടം. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിട്ടതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്തവരെ ഇവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അല്‍ ഫഹഹീല്‍ പ്രദേശത്ത് വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഇന്ത്യക്കാരും പാകിസ്താന്‍, ബംഗ്ലാദേശ് പൗരരും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. 50 ഓളം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.

കുവൈത്തില്‍ വിദേശത്ത് നിന്നുള്ളവര്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് നിയമ ലംഘനമാണ്. ഇനിയും ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഇന്ത്യയോട് ശക്തമായ രീതിയില്‍ എതിര്‍പ്പറിയിച്ച രാജ്യമാണ് ഖത്തര്‍. രാജ്യത്തെ ഇന്ത്യന്‍ പ്രതിനിധിയെ കുവൈത്ത് സര്‍ക്കാര്‍ വിഷയത്തില്‍ വിളിച്ചു വരുത്തിയിരുന്നു. കുവൈത്തിന് പുറമെ ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും എതിര്‍പ്പറിയിച്ചിരുന്നു.

Story Highlight: Kuwait to deport expats who protested against bjp leaders comment on prophet