India
This article was added by the user . TheWorldNews is not responsible for the content of the platform.

'റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്', 'മനുഷ്യത്വം' ഒരിക്കൽ കൂടി പരീക്ഷിക്കപ്പെടുന്നു: രണ്ടാം സീസൺ പ്രഖ്യാപിച്ച് സ്ക്വിഡ് ഗെയിം

ആഗോള തലത്തിൽ ശ്രദ്ധനേടിയ കൊറിയൻ സീരീസ് 'സ്ക്വിഡ് ഗെയിമിൻ്റെ' രണ്ടാം സീസൺ പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രണ്ടാം സീസണിന്റെ പ്രഖ്യാപനം നടന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയാണിത്. പരമ്പരയുടെ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവുമായ ഹ്വാങ് ഡോങ്-ഹ്യൂക്കിൽ നിന്നും ഒരു കത്തും നെറ്റ്ഫ്ലിക്സ് പങ്കിടുന്നുണ്ട്.

കത്തിൽ പറയുന്നത് ഇങ്ങനെയാണ് " സ്ക്വിഡ് ഗെയിമിന് ജീവൻ നൽകാൻ 12 വർഷമെടുത്തു. എന്നാൽ നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയ സീരീസായി മാറാൻ സ്ക്വിഡ് ഗെയിമിന് 12 ദിവസമേ വേണ്ടി വന്നുള്ളൂ. സ്ക്വിഡ് ഗെയിമിൻ്റെ രചയിതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഞങ്ങളുടെ ഷോ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി. ഇപ്പോൾ, ഗി-ഹൺ മടങ്ങി വരുന്നു. ഫ്രണ്ട് മാൻ മടങ്ങി വരുന്നു. സീസൺ 2 വരുന്നു. യംഗ്- ഹീയുടെ കാമുകൻ ചിയോൾ- സുവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തും. ഒരു പുതിയ റൗണ്ടിനായി ഒരിക്കൽ കൂടി ഞങ്ങൾക്കൊപ്പം ചേരൂ."

കടക്കെണിയിലായ സാധാരണക്കാരെ ആകർഷിച്ച് ഒരിടത്തെത്തിച്ച്, ദക്ഷിണ കൊറിയയിൽ അറിയപ്പെടുന്ന കുട്ടികളുടെ കളികൾ കളിപ്പിക്കുകയും, വിജയിച്ചാൽ വലിയ തുക വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് പരമ്പര. എന്നാൽ തോൽവിയുടെ അനന്തരഫലങ്ങൾ മാരകമാണ്!

9 എപ്പിസോഡുകളായെത്തിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത്. ആ വർഷം നെറ്റ്ഫ്‌ലിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരിസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിം. കൊറിയന്‍ ചിത്രങ്ങള്‍ ഏറെ കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും സിരീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് കൊറിയന്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചിരുന്നു.

Story highlights: Netflix announces Squid Game Season 2