India
This article was added by the user . TheWorldNews is not responsible for the content of the platform.

സൗബിൻ വലിയ മിസ്കാസ്റ്റ്, ഡയലോഗുകൾ വ്യക്തമല്ല; 'സിബിഐ'യെ 'ട്രോളി' സോഷ്യൽ മീഡിയ

മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സിനിമ പരമ്പരയിലെ അഞ്ചാം ഭാഗം 'സി.ബി.ഐ 5 ദ ബ്രെയിനിൻ്റെ' ഒടിടി റിലീസിന് പിന്നാലെ ട്രോളുകൾ വാരിക്കൂട്ടി ചിത്രം. മെയ് ഒന്നിന് തിയേറ്റർ റിലീസായി എത്തിയ ചിത്രം ജൂൺ പന്ത്രണ്ടിനാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച തിയേറ്റർ റിലീസിനൊടുവിൽ ഓടിടിയിൽ എത്തിയപ്പോൾ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ സൗബിന്‍ ഷാഹിര്‍, സിബിഐ 5ലെ മിസ്കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എന്നാൽ, ഭീഷ്മപർവ്വത്തിലെ സൗബിൻ കഥാപാത്രത്തെ ആഘോഷമാക്കുകയും ചെയ്തിരുന്നു പ്രേക്ഷകർ.

അതേസമയം സി.ബി.ഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു തിയേറ്റര്‍ റിലീസിന് ശേഷം പറഞ്ഞിരുന്നു.

1988ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' തുടങ്ങിയ സിനിമകളും ഈ ഫ്രാഞ്ചൈസി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സിബിഐ 5 നിർമ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർ-ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, ആർട്ട് ഡയറക്ടർ-സിറിൾ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്സലീഷ് കുമാർ.

Story highlights:social media says soubin shahir is a miscast in cbi 5