India
This article was added by the user . TheWorldNews is not responsible for the content of the platform.

സ്വപ്‌നാ സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച്ആര്‍ഡിഎസ്; 'സര്‍ക്കാരും പൊലീസും കെണിയില്‍പ്പെടുത്തി'

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച്ആര്‍ഡിഎസ്. സര്‍ക്കാരും പൊലീസും സ്വപ്‌നാ സുരേഷിനെ കെണിയില്‍പ്പെടുത്തിയതാണെന്നും കാര്‍ അടക്കം നല്‍കി സ്വപ്നയെ സംരക്ഷിക്കുന്നത് അവര്‍ എച്ച്ആര്‍ഡിഎസ് ജീവനക്കാരി ആയതിനാലാണെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.

'അഴിമതിക്കും സ്വജനപക്ഷപാതത്തിനും മാര്‍ക്‌സിസത്തിനുമെതിരെ ചിന്തിക്കുന്ന മുഴുവന്‍ ജനങ്ങളും സ്വപ്‌നയ്ക്ക് സംരക്ഷണം ഒരുക്കണം. ഞങ്ങളെ സംഘ്പരിവാര്‍ എന്നു പറഞ്ഞിട്ട് ഒതുക്കാന്‍ നോക്കുന്നുണ്ട്. അങ്ങനെ ഒരു കോണിലേക്ക് മാറ്റി നിര്‍ത്തേണ്ടതാണോ സംഘ്പരിവാര്‍ സംഘടനകള്‍.' ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അജി കൃഷ്ണന്റെ പ്രതികരണം.

അതേസമയം സ്വപ്‌നാ സുരേഷ് പ്രതിയായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് തലസ്ഥാനത്ത് യോഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് ഒപ്പം കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഇതിനിടയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവര്‍ക്ക് ഇന്ന് അന്വേഷണ സംഘം നോട്ടിസ് കൈമാറും. കേസിലെ സാക്ഷിയായ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ഗൂഢാലോചനയ്ക്ക് തെളിവായേക്കാവുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് സ്വപ്നയുടെ ആരോപണത്തിന് പിന്നിലെന്ന സരിതയുടെ മൊഴി അനൗദ്യോഗികമായി ശേഖരിച്ചത് ഇതിന് ഉദാഹരണമാണ്. സരിതയുടെ മൊഴി ഏത് തരത്തില്‍ ഉപയോഗിക്കാമെന്നതും ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.