ന്യൂദല്‍ഹി: മാസങ്ങളായി ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭം വളരെ സജീവമായി നില്‍ക്കുമ്പോഴും രാജ്യത്തെ വിവിധ പ്രതിപക്ഷ നേതാക്കള്‍ സമരപന്തലുകളിലെത്തിയിരുന്നില്ല. വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്രാക്ടര്‍ റാലികളും മറ്റും നടത്തുമ്പോഴും നേതാക്കള്‍ ദല്‍ഹിയിലെ സമരവേദികളിലെത്തിരുന്നില്ല. അതിന്റെ കാരണം താഴെ പറയുന്നതാണ്.
കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാടാണ് പ്രതിപക്ഷ നേതാക്കളെ സമരപന്തലുകളില്‍ എത്തുന്നതില്‍ നിന്ന് തടയുന്നത്. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയെ അവര്‍ സ്വാഗതം ചെയ്യുമ്പോളും സമരവേദികളിലേക്ക് വരേണ്ടതില്ല എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.
പ്രക്ഷോഭം രാഷ്ട്രീയ ഭേദമന്യേയുള്ള പ്രസ്ഥാനമായി രാജ്യമൊട്ടാകെ വളരണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഗ്രഹം. പ്രതിപക്ഷ നേതാക്കള്‍ പന്തലുകളിലെത്തുകയാണെങ്കില് അതിനെ രാഷ്ട്രീയമായി പ്രക്ഷോഭത്തിനെതിരാക്കാന് കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച കരുതുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും കര്‍ഷക പ്രക്ഷോഭത്തോടുള്ള പിന്തുണയെ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു കാരണവശാലും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വേദി രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ അംഗമായ കര്‍ഷക നേതാവ് ദര്ശന് പാല് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് കര്‍ഷക പ്രക്ഷോഭം ആരംഭിക്കുന്ന സമയം തൊട്ടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട് ഇതാണ്. സമരവേദിയിലുള്ള ഇടത് നേതാവ് പി കൃഷ്ണപ്രസാദും ടികെ രാഗേഷ് എംപിയും ആള് ഇന്ത്യ കിസാന്‍ സഭ നേതാക്കളെന്ന നിലയിലാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. അതല്ലാതെ മറ്റ് പ്രതിപക്ഷ നേതാക്കളൊന്നും സമരവേദികളില്‍ എത്തിയിട്ടില്ല.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 15 എംപിമാര്‍ സമരവേദിയിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ചെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ച അതിന് അനുവദിച്ചിരുന്നില്ല. അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍,എന്‍സിപിയുടെ സുപ്രിയ സുലേ, ഡിഎംകെയുടെ കനിമൊഴി, തിരുച്ചി ശിവ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയ്, ആര്‍എസ്പി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ് എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.