
സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ ചലിച്ചു തുടങ്ങി. സമുദ്രസേവന ദാതാക്കളായ ഇഞ്ച് കേപ്പാണ് ഇക്കാര്യമറിയിച്ചത്. ആറ് ദിവസത്തോളമായി സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ നീങ്ങിത്തുടങ്ങിയാല്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന 300 ഓളം കപ്പലുകള്‍ക്ക് യാത്ര തുടരാനാവും. കപ്പലിന്റെ മുന്‍ ഭാഗത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കിലും കപ്പലിന് മറ്റ് കുഴപ്പങ്ങളില്ല. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിന്റെ തടസ്സം നീങ്ങിത്തുടങ്ങിയത്.
ചൊവ്വാഴ്ച രാവിലെയാണ് എവര്‍ഗ്രീന്‍ മറൈന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന ജപ്പാനീസ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. പെട്ടന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയായാണ് കപ്പല്‍ കുടുങ്ങിക്കിടന്നത്.
ഇതോടുകൂടി ഏഷ്യ-യൂറോപ്പ് പ്രധാന വ്യാപാരപാതയായ സൂയസ് കനാലില്‍ ചരക്കുകപ്പലുകളുടെ വഴിമുടങ്ങി. 9 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടാണ് സ്യുയസ് കനാലിലൂടെ ഒരു ദിവസം നടക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന കപ്പലിന്റെ തടസ്സം നീക്കാനായി 27000 ക്യുബിക് മീറ്റര്‍ മണലാണ് ഈ ദിവസത്തിനുള്ളില്‍ കപ്പലിനു അരികില്‍ നിന്നായി മാറ്റിയത്. സൂയസ് കനാലിന് കുറുകെ കുടുങ്ങുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. ചൈനയില്‍ നിന്നും നെതര്‍ലന്റിലെ റോട്ടര്മഡാമിലേക്കുള്ള യാത്രയിലായിരുന്നു എവര്‍ഗിവണ്‍.